അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി.
ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം.പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

