ഡൽഹി: ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികളായ രാജ്ഭവനുകള്‍ ലോക്ഭവനുകളാകുന്നു. കേരള രാജ്‍ഭവനും നാളെ പുതിയ പേര് സ്വീകരിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണറാണ് പേര് മാറ്റം നിർദേശിച്ചത്. തുടർന്ന് പേര് മാറ്റണമെന്ന് ഈ മാസം 25ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കമെന്നാണ് വിവരം.
ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് പേരുമാറ്റത്തിനു തുടക്കമിട്ടത്. രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്നാക്കി ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര നിര്‍ദേശം പാലിച്ചാണ് നടപടി. ലോക്ഭവന്‍ ഇനിമേല്‍ ആര്‍ക്കും പ്രവേശനമുള്ള ഗവര്‍ണറുടെ ഓഫീസായും ഔദ്യോഗിക വസതിയായും പ്രവര്‍ത്തിക്കും.

