ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം
കൊളമ്പോ: ഡിറ്റ്വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 100 കടന്നു. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ശ്രീലങ്കൻ തീരത്തിന് സമീപം രൂപം കൊണ്ട ഡിറ്റ് വാ നാളെ തമിഴ്നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങും. മേഖലകളിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശ്രീലങ്കയിലെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൂവായിരത്തോളം വീടുകൾ തകർന്നു. 18,000 ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. രണ്ട് ലക്ഷത്തോളം കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ട്.നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ശ്രീലങ്കയിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

