കോഴിക്കോട് ചെറൂപ്പയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
 
			
    കോഴിക്കോട്: ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണ മരണം. കോഴിക്കോട് പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണൻകുട്ടിയുടെ മകൻ അഭിൻ കൃഷ്ണ (22) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
റോഡിന് സമീപത്തായി ജലജീവൻ മിഷന്റെ കുഴിയുണ്ടായിരുന്നു. കുഴിയുടെ സമീപമെത്തിയപ്പോള്‍ മുന്നില്‍ പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ ബൈക്കില്‍ വരികയായിരുന്നു അഭിനും ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണംവിട്ട് റോഡില്‍ വീഴുകയായിരുന്നു. ഇതേസമയം എതിർദിശയില്‍ നിന്നുവന്ന ബൈക്ക് അഭിന്റെ തലയില്‍ ഇടിച്ചാണ് മരണം. അഭിൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.


 
														 
														 
														 
														 
														