സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; ഹൈക്കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വന്ന സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കേസിൽ വ്യാഴാഴ്ച വീണ്ടും പരിഗണന നടക്കും.
മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ നഴ്സുമാർ സമരം ആരംഭിച്ചത്. സമരം ശക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. ആശുപത്രികൾക്ക് മുന്നിൽ പ്രവേശന കവാടങ്ങൾ ഉപരോധിക്കരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലും സമരത്തിന്റെ ഭാഗമായി ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ആശുപത്രികളിലേക്കുള്ള പ്രവേശനം തടയുന്ന തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു

