ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു
ഡൽഹിയിലെ പാലം കോളനിയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഏഴ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. ഇന്ന് രാവിലെയോടെ പാലം മെട്രോ സ്റ്റേഷന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
ബേസ്‌മെന്റും ഗ്രൗണ്ട് ഫ്ലോറും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്തെ താൽക്കാലിക ടിൻ ഷെഡിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടായ ഉടനെ കെട്ടിടത്തിൽ കുടുങ്ങിയ 10 പേരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായും കെട്ടിടത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

