വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം
കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കോടതിയിൽ കീഴടങ്ങണമെന്ന് ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പ്രതികൾക്ക് അനാവശ്യ തിടുക്കം കാട്ടി ജാമ്യം അനുവദിച്ച വിചാരണ കോടതി നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതരുടെ ഭാഗം കേൾക്കാതെയാണ് ജാമ്യം നൽകിയതെന്നും അതീവ ഗൗരവതരമായ ഈ വിഷയം വിചാരണ കോടതി ജഡ്ജി ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഡിസംബർ 17-നാണ് വാളയാർ അട്ടപ്പള്ളം മതാളികാടിൽ വെച്ച് രാംനാരായൺ എന്ന യുവാവ് ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പാലക്കാട് കിൻഫ്രയിൽ ജോലി തേടിയെത്തിയ ഇദ്ദേഹം വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ചു നാട്ടുകാർ യുവാവിനെ മണിക്കൂറുകളോളം ക്രൂരമായി വിചാരണ ചെയ്യുകയും മർദിക്കുകയും ചെയ്തു. വടി ഉപയോഗിച്ചുള്ള മർദനത്തിൽ രാംനാരായണിന്റെ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ചെയ്തു. റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കൂട്ട നീതി നടപ്പിലാക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് ഇപ്പോൾ ഹൈക്കോടതി.

