ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം, 30 വർഷം കഠിന തടവ്
കൊല്ലം: ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യ 30 വർഷം കഠിന തടവായും കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
കേസിൽ 70ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. നിരീക്ഷണ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായകമായി.
കേസിന്റെ ഒരു ഘട്ടത്തിൽ പ്രതി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വൈദ്യപരിശോധനാ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.
2023 മെയ് 10ന് പുലർച്ചെയാണ് മദ്യലഹരിയിൽ കാലിൽ മുറിവുമായി എത്തിയ പ്രതി ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

