Latest News

ലഹരിക്കേസ്: പ്രയാഗയുടെ മൊഴി വിശ്വാസത്തില്‍ എടുത്ത് പോലീസ്, ശ്രീനാഥ് ഭാസിയുടെ മൊഴിയിൽ പൊരുത്തക്കേട്

 ലഹരിക്കേസ്: പ്രയാഗയുടെ മൊഴി വിശ്വാസത്തില്‍ എടുത്ത് പോലീസ്, ശ്രീനാഥ് ഭാസിയുടെ മൊഴിയിൽ പൊരുത്തക്കേട്

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളിലും പൊലീസിന് സംശയമുണ്ട്.

ഇരുവരുടെയും മൊഴി വിശദമായി പരിശോധിക്കും. രാസപരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. ഓം പ്രകാശിനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ബോബി ഛലപതിയെയും ഉടന്‍ ചോദ്യം ചെയ്യും.

നടന്‍ ശ്രീനാഥ് ഭാസിയെ അഞ്ചുമണിക്കൂറും നടി പ്രയാഗ മാര്‍ട്ടിനെ രണ്ടു മണിക്കൂറിലേറെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സുഹൃത്ത് വഴിയാണ് ഹോട്ടലില്‍ എത്തിയതെന്നും ഓം പ്രകാശിനെ പരിചയമില്ലെന്നുമാണ് ഇരുവരും നല്‍കിയ മറുപടി. കൊച്ചി എളമക്കര സ്വദേശി ബിനു ജോസഫ് ആണ് താരങ്ങളെ ഹോട്ടലില്‍ എത്തിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍.

ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന് കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ രാസലഹരിയുടെ അംശം കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങി ഇരുപതോളം പേര്‍ ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്യലിന് ഹാജരായ ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഓം പ്രകാശിനെ അറിയില്ലെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മൊഴി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കിയിട്ടുണ്ട്.

പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്ന് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഓം പ്രകാശിനെ അറിയുന്നത്. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ, തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ അറിയുന്നുണ്ട്. തീര്‍ച്ചയായും അതിനെ കുറിച്ച് പോലീസ് ചോദിക്കും. അതിനുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. രക്തസാമ്പിളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞാല്‍ തയ്യാറാകുമെന്നും ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ പ്രയാഗ പ്രതികരിച്ചു.

അതേസമയം കേസില്‍ കൂടുതല്‍ പേരെ ഇന്നും ചോദ്യം ചെയ്യും. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ചോദ്യം ചെയ്യുക. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes