Latest News

ശബരിമല വിഷയത്തിൽ വാസവനെയും എഡിജിപിയെയും പഴിചാരി സി.പി.ഐ മുഖപത്രം

 ശബരിമല വിഷയത്തിൽ വാസവനെയും എഡിജിപിയെയും പഴിചാരി സി.പി.ഐ മുഖപത്രം

മന്ത്രി വി.എൻ. വാസവനെ വിമർശിച്ചും എഡിജിപി അജിത് കുമാറിനെ പരിഹസിച്ചും സിപിഐ മുഖപത്രം. ശബരിമല സ്പോട് ബുക്കിങ് നിർത്തിയ വിഷയത്തിലാണ് മന്ത്രിക്ക് വിമർശനം.ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയതാണെന്ന് ഓർമ മന്ത്രിക്ക് വേണമെന്നായിരുന്നു എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വിമർശനം. അജിത് കുമാറിനെ പരാജിത കുമാറെന്ന് അഭിസംബോധന ചെയ്ത ലേഖനത്തില്‍ പോലീസില്‍ വിളകളേക്കാള്‍ കളകള്‍ക്ക് വിത്തെറിഞ്ഞിട്ടാണ് അജിത് കുമാർ പടിയിറങ്ങിയതെന്നും എഡിജിപി മനോജ് എബ്രഹാമിന് ഇനി കളപറിക്കല്‍ കാലമാണെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിൽ പറയുന്നത് ഇങ്ങനെ;‘അജിത് കുമാർ എന്ന പരാജിത കുമാറിന്റെ കസേര തെറിപ്പിച്ച്‌ എഡിജിപി മനോജ് എബ്രഹാം ആ കസേരയില്‍ കയറിയിരിക്കുന്നുവെങ്കിലും അദ്ദേഹത്തിന് ഇനി കളപറിക്കല്‍ കാലം, പൊലീസില്‍ വിളകളെക്കാള്‍ കളകള്‍ക്ക് വിത്തെറിഞ്ഞിട്ടാണ് അജിത് തമ്ബ്രാൻ പടിയിറങ്ങിയത്. മൂന്നര സെന്റിലെ തന്റെ കുടുംബക്ഷേത്രത്തിലെ ദേവതയായ മുത്തുമാരിയമ്മന്റെ ക്രമസമാധാനം പാലിക്കാനാവാത്ത ഏമാനാണ് മൂന്നരക്കോടി കേരളീയരുടെ ക്രമസമാധാനം തകർത്തു തരിപ്പണമാക്കിയത്. ഒപ്പം പൊലീസ് കളകളുടെ നഴ്സറിയാക്കിയതിന്റെ ദുരന്തങ്ങള്‍ തുടർന്നു കൊണ്ടേയിരിക്കുന്നു. ഈ കളകളെല്ലാം പറിച്ചുകളയാൻ മനോജ് എബ്രഹാം ഇനി ഓവർടൈം പണിയെടുക്കണമെന്ന ദുരവസ്ഥ.’‘ദുഃശാഠ്യങ്ങള്‍ ശത്രുവർഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെൻസിറ്റിവായ വിഷയങ്ങളിലെ കടുംപിടുത്തം നമ്മെ ആപത്തില്‍ കൊണ്ടുചാടിക്കുകയേയുള്ളൂ. ശബരിമലയിലെ ദർശനത്തിന് വെർച്വല്‍ ബുക്കിങ് മാത്രം പോരെന്നും സ്പോട്ട് ബുക്കിങ് കൂടി വേണമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. ദർശനത്തിനുള്ള പരിഷ്കാരം ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെയും എതിർപ്പിനു കാരണമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രംഗം തണുപ്പിക്കാൻ വരട്ടെ, നോക്കട്ടെ എന്നുപോലും പറയാതെ നിലപാടെടുത്തപ്പോള്‍ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനിടെ ദേവസ്വം മന്ത്രി വാസവൻ മന്ത്രി പറയുന്നത് ഒരു കാരണവശാലും സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന്. ഒരിക്കല്‍ ഇടതുമുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓർമയെങ്കിലും വാസവൻ മന്ത്രിക്ക് വേണ്ടെ.’ -ലേഖനത്തില്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes