വെള്ള വിരിച്ച് പുഷ്പമഞ്ചത്തിൽ കിടത്തി റോസിക്ക് അന്ത്യയാത്ര നേർന്ന് ജീവനക്കാർ
ഗുരുവായൂർ: അവസാനമായി റോസിയുടെ കവിളിൽ തലോടി ഉണ്ണികൃഷ്ണൻ അന്ത്യയാത്രചൊല്ലിയപ്പോൾ കണ്ടു നിന്നവരുടെ കണ്ണും മനസും ആർദ്രമായി. ഒരു തെരുവുപട്ടിയും കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ ജീവനക്കാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നേർസാക്ഷ്യമായിരുന്നു റോസിയുടെ അന്ത്യയാത്ര.
ഒരു ദശാബ്ദത്തിലേറെ കെ.എസ്.ആർ.ടി.സിയെ സേവിച്ചാണ് റോസി വിടചൊല്ലിയത്. ഡിപ്പോ പരിസരത്ത് അലഞ്ഞുനടന്നിരുന്ന പട്ടികളിലൊന്നിന്റെ മകളാണ് റോസി. അമ്മപ്പട്ടി അപകടത്തില്‍ മരിച്ചതോടെ കെ.എസ്.ആർ.ടി.സി ഗാരേജിലെ ജീവനക്കാർ അവളെ ‘ദത്തെടുത്തു’. അക്കാലത്ത് ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന സിനിമയിലെ നായികയുടെ റോസി എന്ന പേരും നല്‍കി. എന്നാല്‍, സിനിമയിലെ റോസിയെപ്പോലെ ദുരന്തനായികയായില്ല അവള്‍. ഗാരേജ് ജീവനക്കാരുടെ പൊന്നോമനയായി മാറിയ റോസിയുടെ സംരക്ഷണച്ചുമതല ഫസ്റ്റ് ഗ്രേഡ് മെക്കാനിക് അഞ്ഞൂർ സ്വദേശി സി.എസ്. ഉണ്ണികൃഷ്ണൻ ഏറ്റെടുത്തു. കോവിഡ് കാലത്തും റോസിക്ക് മൂന്നു നേരം ഭക്ഷണം ലഭിച്ചു. ഉണ്ണികൃഷ്ണൻ തന്നെ കൃത്യമായി കുളിപ്പിച്ചു. ആവശ്യം വേണ്ടപ്പോള്‍ ചികിത്സ നല്‍കി. ഇതിനെല്ലാം പ്രത്യുപകാരമായി ഗാരേജിന്റെ സംരക്ഷണ ചുമതല റോസി സ്വയം ഏറ്റെടുത്തു. യൂണിഫോമിലല്ലാത്തവർ ഗാരേജില്‍ കടന്നാലും കെ.എസ്.ആർ.ടി.സിയുടേതല്ലാത്ത വാഹനങ്ങള്‍ കണ്ടാലും കുരച്ചുചാടി.
രണ്ടു മാസം മുമ്പാണ് ഇവള്‍ക്ക് ക്ഷീണം കണ്ടുതുടങ്ങിയതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഡോ. കെ. വിവേകിനെ കാണിച്ച് പരിശോധനകള്‍ നടത്തിയപ്പോള്‍ ഹൃദയവാല്‍വിന് തകരാറാണെന്ന് വ്യക്തമായി. ചികിത്സകള്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഒരു കുടുംബാംഗത്തിന് നല്‍കുന്ന അന്ത്യയാത്രക്ക് സമാനമായാണ് റോസിക്ക് ജീവനക്കാർ വിട നല്‍കിയത്. വെള്ളവിരിച്ച പായയില്‍ പുഷ്പങ്ങള്‍ വിതറി, ദീപങ്ങള്‍ തെളിച്ച് റോസിയെ കിടത്തി പൊതുദർശനം നടത്തി. ചുറ്റും കണ്ണീരണിഞ്ഞ് ജീവനക്കാരും. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ഉണ്ണികൃഷ്ണൻ റോസിയുടെ കവിളില്‍ തലോടി. ഡിപ്പോ പരിസരത്തുതന്നെ കുഴിമാടമൊരുക്കി സംസ്കാരം നടത്തി.