കെട്ടി വെക്കാൻ കാശുള്ള ആർക്കും മത്സരിക്കാം, വിമതശല്യം വിഷയമല്ല; പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കോണ്‍ഗ്രസില്‍ തുടരുന്ന കൊഴിഞ്ഞുപോക്കിലും സ്വതന്ത്ര സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രതികരണവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഉപതിരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേപ്പര്‍ പൂരിപ്പിച്ച് കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വളരെ തൃപ്തിയിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ ലോഞ്ചിങ്ങോടെ ഉപതെരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യു.ഡി.എഫിന്റെ കൈയ്യിലാകുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഇന്ത്യ കണ്ടിട്ടില്ലാത്ത വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കയ്ക്ക് ലഭിക്കും. രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റം വരാന്‍ പോകുന്നു. വരാന്‍ പോകുന്നത് ഇന്ത്യാ മുന്നണിയുടെ കാലമാണ്. മാധ്യമങ്ങള്‍ അന്‍വറിന് അമിത പ്രാധാന്യം നല്‍കുന്നു. ഉരുള്‍പൊട്ടല്‍ നടന്ന് ഇതുവരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ചയാകേണ്ടതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.