പൂരം കലക്കൽ; എം ആർ അജിത് കുമാറിന് വീഴ്ചയുണ്ടായി, ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം
കൊച്ചി: പൂരം കലക്കിയതിലെ വീഴ്ച പരിഹരിക്കാൻ എഡിപിജി എം ആർ അജിത് കുമാർ ഇടപെട്ടില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇത് എഡിജിപി എം ആർ അജിത് കുമാറിന്റെ വീഴ്ചയാണെന്നും ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. പൂരം കലക്കലിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. പൂരം കലക്കലിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടുവെന്നുമാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
വിവാദം അന്വേഷിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്റെ മറുപടി.
പൊലീസിന്റെ അമിത നിയന്ത്രണം മൂലം തൃശൂർ പൂരം നടത്തിപ്പിലുണ്ടായ വീഴ്ച യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സർക്കാരിനെതിരെ വലിയ ആയുധമാക്കിയിരുന്നു. പൂര ദിവസം സംഘാടകരെ അടക്കം പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പട്ടയും കുടയും കൊണ്ടുവന്നവരെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലായിരുന്നു തടഞ്ഞത്.