ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾക്കും സാംസ്‌കാരിക പരിപാടികൾക്കും വിലക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിലുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇത് ഒഴിവാക്കണം. ഈ വിഷയത്തില്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായി സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍ മാധവനാണ് ഉത്തരവ് പുറത്തിറക്കിയത്.