‘അമരൻ’; ആദ്യ ദിനം തന്നെ അമ്പത് കോടിയ്ക്ക് അരികെ കളക്ഷൻ
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അമരനെന്ന് ഒന്നടങ്കം പറയുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ആദ്യ ദിന പ്രതികരണം പോലെ തന്നെ കുതിച്ചുയരുകയാണ് ചിത്രത്തിന്റെ കളക്ഷനും. ആഗോളതലത്തിൽ 42 കോടി രൂപ കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. ആദ്യ വാരം തന്നെ കളക്ഷനിൽ അമരൻ ചരിത്രം കുറിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി. ആഗോളതലത്തിൽ 42 . 3 കോടിയാണ് ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ.
ബുക്ക് മൈ ഷോയിൽ ഈ വർഷം ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോർഡും അമരൻ സ്വന്തമാക്കിയിരുന്നു. വിജയ് ചിത്രമായ ‘ദി ഗോട്ടി’നെയാണ് ‘അമരൻ’ മറികടന്നത്. 32.57k ടിക്കറ്റ് ആണ് ‘അമരൻ’ ഒരു മണിക്കൂറിൽ വിറ്റഴിച്ചത്. വിജയ്‌യുടെ ‘ദി ഗോട്ട്’ 32.16k ടിക്കറ്റ് ആണ് ഒരു മണിക്കൂർ വിറ്റത്. ‘വേട്ടയ്യൻ’, ‘ഇന്ത്യൻ 2’, ‘രായൻ’ എന്നീ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. 31.86k ടിക്കറ്റുകൾ ‘വേട്ടയ്യൻ’ വിറ്റഴിച്ചപ്പോൾ ‘ഇന്ത്യൻ 2’ 25.78k ടിക്കറ്റും ‘രായൻ’ 19.22k യുമാണ് ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത്.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.