Latest News

കോഴിക്കോട് പിടിയിലായത് കൊടുംകുറ്റവാളികൾ; മോഷണത്തിനിടെ ഏഴു പേരെ കൊലപ്പെടുത്തി

 കോഴിക്കോട് പിടിയിലായത് കൊടുംകുറ്റവാളികൾ; മോഷണത്തിനിടെ ഏഴു പേരെ കൊലപ്പെടുത്തി

കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സേലം സ്വദേശികളായ മുരുകന്‍ (33), സഹോദരന്‍ കേശവന്‍ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസില്‍ ഉള്‍പ്പെട്ട സ്ഥാപനമായ പാലാഴിയിലെ ‘എനി ടൈം മണി’യില്‍ കയറി കവര്‍ച്ച നടത്തിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ നടത്തിയ ഏഴ് കൊലപാതകങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കേരളത്തിലും തമിഴ്‌നാട്ടിലും സംഘം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്.

2022ല്‍ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച്‌ ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഒരു സംഭവം. 2018-22 കാലയളവില്‍ തമിഴ്‌നാട്ടിലെ ഈറോഡ്, ചെന്നിമലൈ, പെരുന്തുറൈ, കാങ്കയം എന്നീ സ്‌റ്റേഷന്‍ പരിധികളിലായാണ് മറ്റ് കൊലപാതകങ്ങള്‍. വീട് കുത്തിത്തുറന്ന് അകത്തുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് പേരെയാണ് സ്വര്‍ണത്തിനും പണത്തിനും വേണ്ടി സംഘം കൊലപ്പെടുത്തിയത്.

പെരിയനായ്ക്കം പാളയം, കരുമത്താനപെട്ടി, സുലൂര്‍ എന്നീ സ്റ്റേഷനുകളിലായി രണ്ട് കവര്‍ച്ചാ കേസുകളും മൂന്ന് മോഷണക്കേസുകളും ഇവരുടെ പേരിലുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ അറിയിച്ചു. നാടോടികളായി പുറമ്പോക്കില്‍ താമസിച്ച്‌ നിരീക്ഷണം നടത്തിയാണ് ഇവര്‍ മോഷണം നടത്തുന്നത്. ഇവര്‍ക്ക് ഒറ്റപ്പാലം പത്തിരിപ്പാലയില്‍ സ്വന്തമായി വീടും സ്ഥലവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ആറുവരിപ്പാതയുടെ ഭാഗമായുള്ള രാമനാട്ടുകര മേല്‍പാലത്തിന് താഴെ ഒഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞിരുന്നത്.

പകല്‍ സമയത്ത് പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ ഇറങ്ങുകയും ആളൊഴിഞ്ഞ വീടുകള്‍ മനസ്സിലാക്കി മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. മോഷണത്തിനിടെ എതിര്‍ത്താല്‍ ആളുകളെ കൊല്ലാനും ഇവര്‍ക്ക് മടിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഘമായെത്തുന്ന ഇവര്‍ ഒരു സ്ഥലത്ത് തന്നെ അധിക കാലം താമസിക്കാറില്ല എന്നതും പോലീസിന് തലവേദനയാണ്. പിടിയിലായവര്‍ കൊടും കുറ്റവാളികളാണെന്ന് വ്യക്തമായതോടെ അലഞ്ഞുതിരിയുന്നവരെ കണ്ടാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes