ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം. ദേശീയ അന്വേഷണ ഏജൻസികൾ ബിജെപിയുടെ താളത്തിന് തുളളുന്നവരാണെന്നും മന്ത്രി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് ബിജെപിയുടെ പ്രധാന നേതാക്കളെ ബാധിക്കുന്ന പ്രശ്നമാകാൻ പോവുകയാണ്. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പിച്ചും പേയും പറയാതിരിക്കാൻ ഉറക്ക ഗുളിക കഴിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അതിൽ ഉൾപ്പെടുന്നുവെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശാനെന്നും മന്ത്രി വിമർശിച്ചു. കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി ചോദിച്ചു. അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് കൊടകര കള്ളപ്പണ കേസിലെ ഒന്നാം പ്രതി ധർമരാജൻ സമ്മതിച്ചു. ചെറുപ്പത്തില്‍ ആര്എസ്എസുകാരന് ആയിരുന്നുവെന്നും വാജ്പേയി സര്‍ക്കാരിന്റെ കാലംമുതല്‍ സുരേന്ദ്രനും ആയി നല്ല ബന്ധമുണ്ടെന്നും ധർമരാജൻ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നു.
‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് പണം ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്നു കൊടുത്തു. സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. അമിത്ഷാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോള്‍ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ തിരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയില്‍ മൂന്നു തവണ പോയി’, ധര്മരാജന് പറഞ്ഞു.
മൂന്ന് തവണയായി 12 കോടി രൂപയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ധർമരാജനാണെന്നും ഗംഗാധരന് മൊഴിയില്‍ പറയുന്നു.