Latest News

‘ഈ മോൻ വന്നത് അങ്ങനെ അങ്ങ് പോകാനല്ല…’; തൊട്ടതെല്ലാം സൂപ്പർഹിറ്റാക്കി ‘ലക്കി ദുൽഖർ’

 ‘ഈ മോൻ വന്നത് അങ്ങനെ അങ്ങ് പോകാനല്ല…’; തൊട്ടതെല്ലാം സൂപ്പർഹിറ്റാക്കി ‘ലക്കി ദുൽഖർ’

‘ഈ മോൻ വന്നത് അങ്ങനെ അങ്ങ് പോകാനല്ല…’ എബിസിഡി എന്ന സിനിമയിലെ ഈ ഡയലോഗ് പോലെ തന്നെയാണ് ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമകൾ ചെയ്തു. അതിൽ തന്നെ തെലുങ്കിലേക്ക് വന്നാൽ, നടൻ നാല് സിനിമകളിലാണ് ഭാഗമായത്. ആ നാല് സിനിമകളും വിജയങ്ങളുമായി.

2018 ലാണ് ദുൽഖർ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി കഥ പറഞ്ഞ മഹാനടി. ബയോപിക് സ്വഭാവത്തിലെത്തിയ സിനിമയിൽ തെന്നിന്ത്യയുടെ ‘കാതൽ മന്നൻ’ ആയിരുന്ന ജെമിനി ഗണേശനെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്. 25 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ 80 കോടിയിലധികം രൂപയും മൂന്ന് ദേശീയ പുരസ്കാരങ്ങളും നേടി. നെഗറ്റീവ് സ്വഭാവത്തിലുള്ള ദുൽഖറിന്റെ പ്രകടനം ഏറെ ചർച്ചയാവുകയും ആ വർഷത്തെ ഫിലിംഫെയർ പുരസ്‌കാരം നേടുകയും ചെയ്തു.

2022 ലാണ് ദുൽഖറിന്റെ രണ്ടാം തെലുങ്ക് ചിത്രം റിലീസ് ചെയ്യുന്നത്, ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാരാമം. 1960 കളുടെ പശ്ചാത്തലത്തിൽ അതിമനോഹരമായ ഒരു പ്രണയ കഥയായിരുന്നു സീതാരാമം പറഞ്ഞത്. ലെഫ്റ്റനന്റ് റാം എന്ന സൈനികനായാണ് സിനിമയിൽ ഡിക്യു എത്തിയത്. നടന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാൽ ‘തന്റെ കരിയറിൽ എന്നും ഓർമ്മിക്കപ്പെടുന്ന ആ സിനിമ’ ആഗോളതലത്തിൽ 98 കോടിയോളം രൂപ നേടി.

ഈ രണ്ട് സിനിമകളിലും പ്രധാന വേഷത്തിലാണ് ദുൽഖർ എത്തിയതെങ്കിൽ അടുത്ത ചിത്രത്തിൽ നടൻ കാമിയോ റോളാണ് അവതരിപ്പിച്ചത്. ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ വിസ്മയം കൽക്കി 2898 എഡിയിൽ പ്രഭാസിന്റെ സംരക്ഷനായ ക്യാപ്റ്റൻ ആയാണ് നടനെത്തിയത്. സിനിമയുടെ പ്രീ റിലീസ് ദിവസങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കാമിയോയും ദുൽഖറിന്റേതായിരുന്നു. എന്നാൽ സിനിമയിൽ ആ കഥാപാത്രം ഏതാനും നിമിഷങ്ങളിൽ മാത്രം ഒതുങ്ങിപോയി. പക്ഷേ കൽക്കിയുടെ അടുത്ത ഭാഗത്തിൽ ദുൽഖറിന്റെ കഥാപാത്രം വീണ്ടും വന്നേക്കുമെന്ന സൂചന സംവിധായകൻ നാഗ് അശ്വിൻ തന്നെ തന്നിട്ടുമുണ്ട്.

ഇപ്പോൾ ദുൽഖർ എന്ന ‘ലക്കി ഭാസ്കറിന്റെ’ സമയം. 1980 കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ഭാസ്കർ എന്ന കോമൺ മാൻ/കോൺ മാൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ 50 കോടി ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ആ കുതിപ്പ് അവിടം കൊണ്ടും തീരില്ല എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

100 ശതമാനം വിജയം എന്ന റെക്കോർഡ് നിലനിർത്തിയാണ് തെലുങ്കിൽ ദുൽഖർ സിനിമകളുടെ യാത്ര തുടരുന്നത്. ഇതോടെ തെലുങ്ക് നിർമ്മാതാക്കൾക്കും തിയേറ്ററുകൾക്കും പ്രേക്ഷകർക്കും ദുൽഖർ ഒരുപോലെ പ്രിയപ്പെട്ടവനായി തീര്‍ന്നിരിക്കുകയാണ്. ടോളിവുഡില്‍ ബോക്സ്ഓഫീസ് ഗ്യാരണ്ടിയുള്ള നായകനടന്മാരുടെ കൂട്ടത്തില്‍ ദുല്‍ഖറിനൊരു സ്ഥിരം കസേര കിട്ടുന്ന നാളുകള്‍ വിദൂരമല്ലെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes