പണി സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാർ
പണി സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ട്വൽത് മാൻ, കൂമൻ സിനിമകളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ. ചിത്രം കണ്ടുവെന്നും വിവാദത്തിന് ആധാരമായ രംഗം സിനിമ ആവശ്യപ്പെടുന്ന ഇൻ്റൻസിറ്റിക്ക് അപ്പുറത്തേക്ക് അശ്ലീലമായിട്ടുണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്നു എന്നത് ലോകമെമ്പാടുമുള്ള സിനിമകൾക്ക് നേരെയുളള ആക്ഷേപമാണ്. ഓസ്കാർ കിട്ടിയ സംവിധായകർ വരെ ഈ ആരോപണം നേരിട്ടിട്ടുണ്ട്. ജോജു ജോർജിന്റെ സിനിമകൾ ഇനിമേൽ കാണില്ലെന്ന് പറയുന്നതിനെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും കെ ആർ കുഷ്ണകുമാർ പറഞ്ഞു.
‘ആദ്യ ലുക്ക് മുതൽ ഒരു ഗാങ്സ്റ്റർ മാസ് അടിപ്പടം എന്ന ഫീലാണ് പണിയുടെ അണിയറക്കാർ പ്രേക്ഷകന് നൽകിയിരുന്നത്. അത് നല്ല എൻഗേജിങ് ആയി ചെയ്ത് വെച്ചിട്ടുമുണ്ട് ജോജു ജോർജ്. വില്ലന്മാരായി അഭിനയിച്ച സാഗർ സൂര്യ. ജുനൈസ് എന്നിവരുടെ അസാമാന്യ പ്രകടനമാണ് പണിയിലെ യഥാർത്ഥ പണി. അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാവട്ടെ കണ്ണിച്ചോരയില്ലാത്തവരും ക്രൂരതയുടെ പര്യായങ്ങളും.’
‘സാഗറിന്റെ കഥാപാത്രമായ ഡോൺ ഒരു കാമവെറിയനാണ്. അയാളുടെ ചേഷ്ടകളിൽ ഉടനീളം അതുണ്ട്. വിവാദമായ രംഗം സിനിമ ആവശ്യപ്പെടുന്ന ഇൻ്റൻസിറ്റിക്ക് അപ്പുറത്തേക്ക് അശ്ലീലമായിട്ടുണ്ടെന്ന് തോന്നിയതുമില്ല. മെയിൽ ഗേയ്സ്, ഒബ്ജെക്റ്റിഫയിങ് വുമൺ എന്നതൊക്കെ ലോകവ്യാപകമായി സിനിമയ്ക്ക് എതിരായുള്ള ആക്ഷേപമാണ്. ഓസ്കാർ കിട്ടിയ സംവിധായകർ വരെ ഈ ആരോപണം നേരിട്ടിട്ടുണ്ട്. ഇനി ഞങ്ങൾ ജോജു ജോർജിന്റെ സിനിമ കാണില്ലെന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും അയാളാണ് ഇതിന്റെ ഉപജ്ഞാതാവെന്ന്,’ കെ ആർ കൃഷ്ണകുമാർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.
കഴിഞ്ഞ ദിവസമാണ് പണി സിനിമയെ കുറിച്ച് ആദർശ് എച്ച് എസ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ റിവ്യൂ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തത്. ‘റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്ടിഫൈ ചെയ്യും വിധവുമാണ്,’ എന്നാണ് ആദർശ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
പിന്നാലെ യുവാവിനെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായി. സിനിമയിലെ റേപ്പ് സീനിനെ കുറിച്ചായിരുന്നു ആദർശിന്റെ പോസ്റ്റ്. കോടികളുടെ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നുമാണ് ജോജു യുവാവിനോട് ചോദിച്ചത്. ആദർശ് തന്നെയാണ് ഇതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും.