ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. മറ്റൊരു ഭീകരനായി തിരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവംബർ രണ്ടിന് അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണിക്കൂറുകൾക്ക് ശേഷമായിരുന്നു അനന്തനാഗിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയും ഒരാൾ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചിരുന്നു. ഏത് സംഘടനയിൽപെട്ടവരാണ് തീവ്രവാദികൾ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചിരുന്നു.