ഇരയും പ്രതിയും തമ്മിൽ ഇനി ഒത്ത് തീർപ്പ് വേണ്ടെന്ന് സുപ്രീംകോടതി; ലൈംഗികാതിക്രമ കേസിൽ നിർണ്ണായക തീരുമാനം
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ ഇരയായ പെൺകുട്ടിയും, പ്രതിയും തമ്മിൽ ഒത്ത് തീർപ്പാക്കി ഇനി കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇത്തരം ലൂപ്പ് ഹോളുകളിലൂടെ പലരും രക്ഷപ്പെടുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജസ്ഥാനിൽ 2022ൽ നടന്ന ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
ഗംഗാപുർ സിറ്റിയിലെ പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അതിജീവിതയുടെ കുടുംബത്തിന്റെ പക്കൽ നിന്ന് പരാതിയില്ലെന്ന് അധ്യാപകൻ എഴുതി വാങ്ങി. കുടുംബത്തിന് തൻ്റെ പേരിൽ പരാതി ഇല്ലെന്നും, തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് നൽകിയതെന്നുമായിരുന്നു അധ്യാപകൻ പറഞ്ഞത്. അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ ഹൈക്കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.
എന്നാൽ, പിന്നീട് രാംജി ലാൽ ബൈർവാ എന്ന സാമൂഹികപ്രവർത്തകൻ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ധാക്കുകയും കേസിൽ വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.