കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ലെന്ന് എ എ റഹീം
പാലക്കാട്: കള്ളപ്പണ വിവാദത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസിനെതിരെ വീണ്ടും എ എ റഹീം എംപി. ഒരാളൊരു കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ലെന്ന് എ എ റഹീം പറഞ്ഞു. കള്ളങ്ങളുടെ മാരത്തൺ പ്രവാഹമാണ് നമ്മളിപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുപേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും എന്തൊരു ദയനീയാവസ്ഥയാണിതെന്നും എ എ റഹീം പറഞ്ഞു.
എ എ റഹീമിന്റെ വാക്കുകൾ
ഒരുകള്ളം മറയ്ക്കാൻ വേണ്ടി മറ്റൊരു കള്ളം പറയുന്നു. അതു രണ്ടും മറയ്ക്കാനായി മറ്റൊരു കള്ളം പറയുന്നു. കള്ളങ്ങളുടെ മാരത്തൺ പ്രവാഹമാണ് നമ്മളിവിടെ കാണുന്നത്. ആദ്യംപറഞ്ഞു ബോർഡ് റൂമിൽ കമ്മറ്റി കൂടിയതാണെന്ന്. ഡിസിസി പ്രസിഡൻറ് ഇല്ലാത്ത എന്ത് യോഗമാണ്? ബോർഡ് റൂമിൽ സിസിടിവി ഇല്ല. എന്തൊരു ദയനീയാവസ്ഥയാണിത്. നാലുപേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഡിസിസി പ്രസിഡന്റിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് കമ്മറ്റി കൂടാൻ വിളിക്കാത്തത്. ഹോട്ടൽ സേഫല്ലാ എന്ന് തോന്നിയപ്പോൾ പണം അവിടെ നിന്ന് മാറ്റിയതും ആയിക്കൂടേ. ഒരാളൊരു കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ല. യുഡിഎഫിന്റെ സ്ഥാനാർത്ഥികളെല്ലാം അവിടെ വന്നത് അസാധാരണമായ യോഗത്തിനാണ്. എന്ത് രഹസ്യാത്മകതയായിരുന്നു ആ യോഗത്തിനെന്ന് അവർ പറയണം. സത്യമേ വിജയിക്കൂ. സത്യം ഒരുപാടുകാലം മൂടിവയ്ക്കാനാവില്ല.
നീല ട്രോളി ബാഗിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ തുടര്‍ച്ചയായി പാലക്കാട് കെപിഎം റീജന്‍സിയില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലില്‍ നിന്ന് പുറത്തേയ്ക്കുവരുന്ന രാഹുലും ഫെനിയുമാണ് ദൃശ്യത്തിലുള്ളത്. ഫെനി ഹോട്ടലില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയില്‍വെയ്ക്കുന്നത് ദൃശ്യത്തിലുണ്ട്. ഈ സമയം രാഹുലും ഈ കാറിന് സമീപത്തേയ്ക്ക് വരുന്നുണ്ട്. അതിന് ശേഷം ഫെനി നൈനാന് ഈ കാറില്‍ കയറിപ്പോകുകയാണ്. സമീപത്ത് നിര്‍ത്തിയിട്ട ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുല്‍ കയറുന്നത്. ഇതും വീഡിയോയിലുണ്ട്.
കോഴിക്കോട് കാന്തപുരത്തിനെ കാണാന്‍ പോകുന്നതിന് വേണ്ടി കരുതിയ വസ്ത്രങ്ങളായിരുന്നു നീല ട്രോളി ബാഗില്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ പ്രതികരിച്ചത്. വസ്ത്രം നല്ലതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് വസ്ത്രം അടങ്ങിയ ട്രോളി ബാഗ് ഹോട്ടലിന് അകത്തേയ്ക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഈ പെട്ടി കൊണ്ടുപോയത് കോണ്‍ഫറന്‍സ് മുറിയിലേക്കായിരുന്നു. ഇതേപ്പറ്റി വിവാദമുണ്ടായപ്പോള്‍ ഒഫീഷ്യല്‍ യോഗമായിരുന്നില്ലെങ്കിലും വസ്ത്രം ഷാഫിയെക്കൂടി കാണിക്കാനാണ് കോണ്‍ഫറന്‍സ് മുറിയിലേക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ വിശദീകരിച്ചിരുന്നു. ഇതിന് മറുപടി നല്‍കുന്നതാണ് പുതിയ വീഡിയോ. നീല ട്രോളി ബാഗില്‍ വസ്ത്രമായിരുന്നെങ്കില്‍ ആ ബാഗ് രാഹുലിനൊപ്പമാണ് കൊണ്ടുപോകേണ്ടിയിരുന്നത് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.