മണ്ഡല മകര വിളക്ക് തീർഥാടനം; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം നീട്ടിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെയാണ് സമയം നീട്ടിയത്. നിലവിൽ നാലര മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഇനി വൈകുന്നേരത്തെ ദർശനത്തിനായി 3.30 ന് തുറക്കും. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി.