പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം
തിരുവനന്തപുരം: പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വഖഫിനെതിരെയുള്ള പരാമര്‍ശത്തില്‍ കേസെടുത്തില്ലെന്നതാണ് പ്രധാന വിമര്‍ശനം. വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന് വിളിപ്പേരിട്ടുവെന്നും സുരേഷ് ഗോപിയുടെ മുസ്ലിം വിദ്വേഷ വിഷത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ജനയുഗത്തിലെ ‘കിരാതന് ഗോപിയും വാവരു സ്വാമിയും’ എന്ന ലേഖനത്തില്‍ പറയുന്നു. വാതില്‍പ്പഴുതിലൂടെ എന്ന ദേവികയുടെ കോളത്തിലാണ് വിമര്‍ശനം.
സുരേഷ് ഗോപിയെ മാത്രമല്ല, ശബരിമലയിലെ വാവര്ക്കെതിരെ സംസാരിച്ച ബി ഗോപാലകൃഷ്ണനെതിരെയും കേസെടുത്തില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ട് വൈകിയതേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ദ്ധ വളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ നടപടിയെടുക്കാത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടി.
ലേഖനത്തില്‍ നിന്നും
കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു. വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരിന്നു. എങ്കിലും പൊലീസ് കേസെടുത്തില്ല. ഗോപിയുടെ സഹസംഘിയായ ബി ഗോപാലകൃഷ്ണനും കുറച്ചില്ല.
ശബരിമലയില്‍ വാവര് എന്ന ഒരു ചങ്ങായി പതിനെട്ടാം പടിക്ക് താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടി വരില്ലേ. വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക. മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ട് മഹാന്മാര്‍ക്കുമെതിരെ പൊലീസ് ഒരു പെറ്റിക്കേസ് പോലുമെടിത്തില്ലെന്നതാണ് കൗതുകകരം.
തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ട് മാത്രമേ വൈകിയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ധ വളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് വിഷവിത്തുകളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ ചീള്ളല് കാണാതെ പോകുന്നത്.