ചരിത്ര നിമിഷം; സംസ്ഥാനത്തെ ആദ്യ ഡഫേദാറായി സിജി
ആലപ്പുഴ: വെള്ള ചുരിദാറും ഷൂവും ചുവന്ന ക്രോസ്ബെല്‍റ്റും സർക്കാർ മുദ്രയും ധരിച്ച് ആലപ്പുഴ കളക്ടറുടെ മുറിക്കു മുന്നില്‍ സിജി നില്ക്കുമ്പോൾ അതു ചരിത്രമാകുകയാണ്, സംസ്ഥാനത്തെ കളക്ടറേറ്റില്‍ ആദ്യമായി ഒരു വനിതാ ഡഫേദാർ.
ജോലിസമയത്തില്‍ കൃത്യതയില്ലാത്തതിനാല്‍ പൊതുവേ ആളുകള്‍ മടിക്കുന്ന ഈ ജോലി ചേർത്തല ചെത്തി അറയ്ക്കല്‍ വീട്ടില്‍ കെ. സിജിയാണ് ഏറ്റെടുത്തത്. മുൻ ഡഫേദാർ എ. അഫ്സല് ക്ലാർക്കായി സ്ഥാനക്കയറ്റം കിട്ടിയപ്പോള്വന്ന ഒഴിവിലാണ് സിജിയുടെ നിയമനം.
‘ഞാൻ ഏറെ ആഗ്രഹിച്ചതാണ്. അടുത്ത ഡഫേദാർ ആരെന്ന ചോദ്യമുയർന്നപ്പോഴേ സമ്മതമറിയിച്ചു. കളക്ടറടക്കമുള്ളവർ പിന്തുണച്ചു. ആഗ്രഹം സാധിച്ചത് വിരമിക്കാൻ ആറുമാസം മാത്രമുള്ളപ്പോഴാണല്ലോയെന്ന സങ്കടമേയുള്ളൂ’ -സിജി പറഞ്ഞു.
ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റൻഡറെയാണ് കളക്ടറുടെ ഡഫേദാറായി നിയമിക്കുക. പവർലിഫ്റ്റിങ്ങില്‍ അഞ്ചുവർഷം ദേശീയ ചാംപ്യനായ സിജിക്ക് സ്പോർട്സ് ക്വാട്ടയിലാണ് ജോലികിട്ടിയത്. 2000-ല്‍ മികച്ച വനിതാ കായിക താരത്തിനുള്ള ജി.വി. രാജ പുരസ്കാരം നേടിയിട്ടുണ്ട്. ഭർത്താവ് ജോസഫ് വി. അറയ്ക്കല്‍. വർണാ ജോസഫ്, വിസ്മയ ജെ. അറയ്ക്കല്‍ എന്നിവർ മക്കളാണ്.