ആഗോളതലത്തില്‍ നമ്പര്‍ വണ്‍ സീരിസായി ‘സിറ്റാഡൽ ഹണി ബണ്ണി’
ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത സീരീസാണ് ‘സിറ്റാഡൽ ഹണി ബണ്ണി’. വരുൺ ധവാൻ, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിസ് ആഗോളതലത്തില്‍ നമ്പര്‍ വണായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കിട്ട് സീരിസ് ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചിരിക്കുന്നത്.
‘ചാരന്മാർ കേവലം കോഡുകള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ തകര്‍ക്കും. അവർ റെക്കോർഡുകൾ തകർക്കുന്നു. സിറ്റാഡൽ: ഹണി ബണ്ണി ലോകമെമ്പാടുമുള്ള പ്രൈം വീഡിയോയിലെ നമ്പര്‍ വണ്‍ സീരീസ്’ എന്ന ക്യാപ്ഷനോടെ പ്രൈം വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടൻ വരുൺ ധവാൻ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീമിങ് ആരംഭിച്ചത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരിസിൽ സാമന്ത ചെയ്തിരിക്കുന്നത്. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്.
സീരിസിനായി സാമന്ത വാങ്ങിയ പ്രതിഫലവും ചർച്ചയായിരുന്നു. 10 കോടി രൂപയാണ് വെബ് സീരിസിൽ അഭിനയിക്കാനായി സാമന്ത വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യയിൽ ഒരു ഒടിടി സീരിസില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി സാമന്ത മാറിയിട്ടുണ്ട്.