Latest News

ശബരിമലയിൽ പൊലീസ് ഡ്യൂട്ടി പൊതുജന സേവനമെന്ന് ഡിജിപി

 ശബരിമലയിൽ പൊലീസ് ഡ്യൂട്ടി പൊതുജന സേവനമെന്ന് ഡിജിപി

പത്തനംതിട്ട: ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പമ്പ സന്ദർശിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈല്‍ ഫോണ്‍ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചീഫ് പൊലീസ് കോർഡിനേറ്റർ ഡി ജി പി എസ്. ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുതിർന്ന പൊലീസ് ഓഫീസർമാരും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട ഓഫീസർമാരും യോഗത്തില്‍ പങ്കെടുത്തു. തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള താമസ, ഭക്ഷണസൗകര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടു സന്ദർശിച്ചു വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes