Latest News

ദേശീയപാതയിൽ പട്ടാപ്പകൽ കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോകൽ

 ദേശീയപാതയിൽ പട്ടാപ്പകൽ കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോകൽ

വടക്കഞ്ചേരി: ദേശീയപാതയില്‍ സിനിമാ സ്റ്റൈലില്‍ കാർതടഞ്ഞ് അതില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരെയും കാറും തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ കാർ വഴിയില്‍ ഉപേക്ഷിച്ചതായി മണിക്കൂറുകള്‍ക്കകം കണ്ടെത്തി. കാറില്‍ സഞ്ചരിച്ചിരുന്ന ഫോർട്ട് കൊച്ചി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46) എന്നിവരെ തൃശ്ശൂർ പുത്തൂരിനുസമീപം ഇറക്കിവിടുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയില്‍ നീലിപ്പാറയിലാണ് സംഭവം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചുവന്നകാറിന്റെ മുന്നിലും പിന്നിലുമായി മൂന്ന് കാറുകളെത്തി തടഞ്ഞു. പിന്നിലുള്ള കാറില്‍നിന്നിറങ്ങിയവർ ചുവന്ന കാറിലുണ്ടായിരുന്നവരെ ബലമായി പിടികൂടുകയും സംഘത്തില്‍പ്പെട്ട ഒരാള്‍ ചുവന്നകാർ മറ്റുമൂന്നു കാറുകള്‍ക്കൊപ്പം ഓടിച്ചുപോവുകയുമായിരുന്നു. സംഭവംകണ്ട നാട്ടുകാർ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും വടക്കഞ്ചേരി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നുമണിയോടെ തട്ടിയെടുത്ത കാർ വടക്കഞ്ചേരി കൊന്നഞ്ചേരിക്കുസമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ മുന്നിലെ വാതിലിന്റെ ചില്ലുകള്‍ തകർന്ന നിലയിലായിരുന്നു.

കാറില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദ് റിയാസിനെയും ആലുവസ്വദേശി ഷംനാദിനെയും തൃശ്ശൂർ പുത്തൂരിനുസമീപം കുരിശുമൂലയില്‍ നാലു മണിയോടെ ഇറക്കിവിട്ടതായി പോലീസിന് വിവരം ലഭിച്ചു. രക്ഷപ്പെട്ട ശേഷം ഇവർതന്നെ പോലീസിനെ വിളിക്കുകയായിരുന്നു. മദർനമേറ്റ ഇരുവരും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് റിയാസാണ് കാറിന്റെ ഉടമ. ഫോർട്ട് കൊച്ചിയിലെ ചുമട്ടുതൊഴിലാളിയാണ്.

വിവിധയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌, അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്. കുഴല്‍പ്പണക്കടത്തുമായി ബന്ധപ്പെട്ടാകാം തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes