Latest News

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു

 ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു

പമ്പ: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും.

നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കുന്നതായിരിക്കും.

ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങിയിരുന്നു. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണ്ണമായും നിറഞ്ഞ് കഴിഞ്ഞു. അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes