Latest News

നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താൽ

 നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താൽ

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയില്‍ നാളെ ഹർത്താല്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ്‌ പ്രവീണ്‍, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ ഹർത്താല്‍ പ്രഖ്യാപിച്ചത്.

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോണ്‍ഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷ്ണർ വിളിച്ചപ്പോള്‍ ഫോണ്‍ പോലും എടുത്തില്ല. കോണ്‍ഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തില്‍ പരിക്കുപറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതല്‍ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂർ മോഡല്‍ ആക്രമണമാണെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് ആൻ്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘർഷം ഉടലെടുക്കുകയായിരുന്നു. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റു. അതേസമയം വ്യാജ ഐഡി കാർഡുകള്‍ നിർമ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നല്‍കുന്നതാണ് സിപിഎമ്മിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes