Latest News

സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം; ചില തീരുമാനങ്ങൾ എടുക്കുന്നതും, രഹസ്യമായി വയ്ക്കുന്നതും രാഷ്ട്രീയ കൗശലമാണെന്ന് പ്രതിപക്ഷ നേതാവ്

 സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം; ചില തീരുമാനങ്ങൾ എടുക്കുന്നതും, രഹസ്യമായി വയ്ക്കുന്നതും രാഷ്ട്രീയ കൗശലമാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം പുരപ്പുറത്തു കയറി നിന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് വി ഡി സതീശൻ. ചില തീരുമാനങ്ങൾ എടുക്കുന്നതും, ചില കാര്യങ്ങൾ രഹസ്യമായി വയ്ക്കുന്നതും രാഷ്ട്രീയ കൗശലമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സന്ദീപിനെ കൊണ്ടുവരാൻ നേരത്തേ തീരുമാനിച്ചിരുന്നു. സിപിഐഎം ഗുഡ് സർട്ടിഫിക്കറ്റ് നൽകട്ടെ എന്ന് കരുതി കാത്തിരുന്നതാണ്. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആണെന്നാണ് സിപിഐഎമ്മിൽ എല്ലാവരും പറഞ്ഞത്. കോൺ​ഗ്രസിൽ ചേർന്നപ്പോൾ ബാബരി മസ്ജിദ് ഒക്കെ പ്രശ്നമായി. സന്ദീപ് സിപിഐഎമ്മിൽ ചേർന്നിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. സ്വയം പരിഹാസ്യനാവുകയാണ് സിപിഐഎമ്മെന്നും വി ഡി സതീശൻ പരിഹസിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

സർക്കാറിൻ്റെ സഹായത്തോടെ ബിജെപി മതപരമായ ഭിന്നിപ്പിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് അനുവദിക്കാനാകില്ല. മണിപ്പൂരിൽ ക്രൈസ്തവരെ ആക്രമിക്കുന്നതിന് കൂട്ടുനിൽക്കുന്നവർ ഇവിടെ ക്രൈസ്തവ കുടുംബങ്ങൾ കയറിയിറങ്ങുകയാണ്. മദർ തെരേസയുടെ പുരസ്കാരം തിരിച്ചു വാങ്ങാൻ ശ്രമിച്ചവരാണ് ഇവരെന്നും അദ്ദേഹം പറ‍ഞ്ഞു. ക്രൈസ്തവ ദേവാലയങ്ങളിൽ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം വിളമ്പുകയാണ്. സർക്കാർ നിയമനടപടി എടുക്കാൻ തയ്യാറാകുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ഒരു ബിജെപി നേതാവ് കോൺഗ്രസിലേക്ക് വന്നപ്പോൾ എന്തിനാണ് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത. 3 ദിവസം മുമ്പ് സന്ദീപ് വാര്യരെ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ എം ബി രാജേഷ് മലക്കം മറിഞ്ഞു. കണ്ണൂരിൽ സിപിഐഎം നേതാക്കളെ കൊല്ലാൻ നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചയാളാണ് മുഖ്യമന്ത്രി. ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വന്ന അയ്യായിരത്തോളം വോട്ടർമാരെ ഓടിച്ചു ആട്ടിപ്പായിച്ച ശേഷം കള്ളവോട്ടു ചെയ്യിച്ചു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ കോൺഗ്രസുകാർക്ക് നിർദ്ദേശം കൊടുക്കുന്നത് ആലോചിക്കും. സഹകരണ ജനാധിപത്യം സംരക്ഷിക്കണമെന്ന് വലിയ വായിൽ നിലവിളിക്കുകയും പൊലീസുകാരെയും ​ഗുണ്ടകളെയും കൂട്ടുപിടിച്ച് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഭൂരിപക്ഷപ്രീണനത്തിനായി ഇപ്പോൾ ‘തങ്ങളെ ‘ തള്ളി പറയുകയാണ്. ഓന്തിൻ്റെ നിറം മാറുന്ന പോലെ പിണറായിയുടെയും നിറം മാറുന്നു. ഇപ്പോൾ മോശക്കാരൻ തങ്ങളാണ്. മുസ്ലിം ലീ​ഗ് യുഡിഎഫ് ഇട്ട് പോകുമെന്ന് എൽഡിഎഫ് പ്രവചിപ്പിച്ചു. അന്ന് പാണക്കാട് തങ്ങൾ ഉറച്ച സ്വരത്തിൽ പറഞ്ഞു യുഡിഎഫിനൊപ്പം നിൽക്കാൻ നൂറ് കാരണങ്ങളുണ്ട്, എന്നാൽ എൽഡിഎഫിനൊപ്പം ചേരാൻ ഒരു കാരണവുമില്ലെന്നായിരുന്നു അന്ന് തങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രി അതിന്റെ അതൃപ്തിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗീയ വിഷം തുപ്പുന്ന കെ സുരേന്ദ്രന് മറുപടി പറയാനില്ല. ജയിലിൽ പോകേണ്ട ആളാണ് കെ സുരേന്ദ്രൻ. കള്ളപ്പണം വാങ്ങിച്ചു എന്ന മൊഴി വന്നിട്ടും ജയിലിൽ പോയില്ല. സിപിഐഎം സഹായത്തോടെ ജയിലിൽ പോകാതെ പിടിച്ചു നിൽക്കുകയാണ്. പാലക്കാട് 10,000 വോട്ടിന് കോൺ​ഗ്രസ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes