Latest News

ശബ്ദാതിവേഗ മിസൈൽ ടെക്നോളജിയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

 ശബ്ദാതിവേഗ മിസൈൽ ടെക്നോളജിയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

ന്യൂഡൽഹി: ശബ്ദാതിവേഗ മിസൈൽ ടെക്നോളജിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ കഴിഞ്ഞ ദിവസം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൾ കലാം ദ്വീപിലെ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ നിന്ന് നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച മിസൈൽ പരീക്ഷണം വിജയകരമായതോടെ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമായുള്ള അപൂർവം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി. ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായും പരീക്ഷണം വിജയകരമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സിലൂടെ അറിയിച്ചു.

ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ

ഹൈപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുന്നവയാണ് ഹൈപ്പർസോണിക് ആയുധങ്ങൾ. ശബ്ദത്തിൻ്റെ 5 മുതൽ 25 മടങ്ങ് വരെ അല്ലെങ്കിൽ സെക്കൻഡിൽ 1 മുതൽ 5 മൈൽ വരെ സഞ്ചരിക്കാനാകും. പരമ്പരാഗത സ്‌ഫോടക വസ്തുക്കളോ ആണവ പോർമുനകളോ വഹിക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുകൾക്ക് സമുദ്രനിരപ്പിൽ മണിക്കൂറിൽ ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗതയിൽ (ഏകദേശം 1,220 കിലോമീറ്റർ വേഗതയുള്ള മാക് 5) പറക്കാൻ കഴിയും. ഹൈപ്പർസോണിക് മിസൈലുകളുടെ ചില നൂതന മോഡലുകൾക്ക് 15 മാച്ചിൽ കൂടുതൽ വേഗതയിൽ പോലും പറക്കാൻ കഴിയും.

1500 കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈലിന് വിവിധ തരത്തിലുള്ള പോലോഡുകൾ വഹിക്കാനാകും. ഹൈദരാബാദിലെ ഡോ. എപിജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്‌സ് ഉൾപ്പെടെ ഡിആർഡിഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേർന്ന് തദ്ദേശീയമായിട്ടാണ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 6200 കിലോമീറ്റർ വേഗത്തിൽ മിസൈൽ സഞ്ചരിക്കും. അതിനാൽ തന്നെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ പ്രതിരോധിക്കാനാകില്ല.

ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗം താരതമ്യേനെ കുറവാണെങ്കിലും പേലോഡിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഹൈപ്പർ സോണിക് ഗ്ലൈഡിന് പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനാകുമെന്നതാണ് ഹൈപ്പർ സോണിക് ക്രൂസ് മിസൈലുകളുടെ പ്രത്യേകത.

റഷ്യയും ചൈനയും ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ മുന്നിലാണ്. യു എസ് നിരവധി പദ്ധതികളുമായി തുടരുകയാണ്. ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, ജപ്പാൻ, ഇറാൻ, ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹൈപ്പർസോണിക് മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes