സുപ്രീം കോടതി വിധിയില്‍ ആശങ്കയില്ല, അന്തിമ വിജയം തനിക്കായിരിക്കും; ആന്റണി രാജു
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ ആശങ്കയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. അന്തിമ വിജയം തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഈ കള്ളക്കേസ് രൂപപ്പെടുത്തിയെടുത്തതെന്നും ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിക്കവെ ആരോപിച്ചു.
സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് ചിലര്‍ കരുതിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്റര്‍പോളും സിബിഐയും അന്വേഷിച്ച് കൊടുത്ത റിപ്പോര്‍ട്ടില്‍ പ്രതികള്‍ വേറെയാണ്. വിചാരണ നേരിടാന്‍ ഭയമില്ല. നിയമപരമായ എല്ലാ സാധ്യതകളും തേടും. എന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാനായിരുന്നു ചിലരുടെ ശ്രമം. പക്ഷേ അത് നടന്നില്ല’, അദ്ദേഹം പറഞ്ഞു. വിചാരണ വേളയില്‍ കൃത്യമായി താന്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും ആന്റണി രാജു പ്രതികരിച്ചു.
തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണോയെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. കേസില്‍ ആന്റണി രാജു വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി എംഎല്‍എയുടെ ഹര്‍ജി തള്ളുകയായിരുന്നു. വിചാരണ നടപടികള്‍ ഇന്ന് മുതല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും ആന്റണി രാജുവിനെതിരായ കുറ്റപത്രം നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പിഴവില്ലെന്നും നിരീക്ഷിച്ചു. ആന്റണി രാജു ഡിസംബര്‍ 20ന് വിചാരണക്കോടതിയില്‍ ഹാജരാകണം. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം.
1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം.