രാഹുല്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചുവെന്ന് ബിജെപി; വെണ്ണക്കര ബൂത്തിൽ സംഘർഷം
![രാഹുല്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചുവെന്ന് ബിജെപി; വെണ്ണക്കര ബൂത്തിൽ സംഘർഷം](https://keralapoliticsonline.com/wp-content/uploads/2024/11/IMG-20241120-WA0056-850x560.jpg)
പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്ന പാലക്കാട് വെണ്ണക്കര 48-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘർഷവും. വോട്ടര്‍മാരുടെ പരാതി പരിഹരിക്കാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ കള്ളം പറയുകയാണെന്നും ആരോപണം തെളിയിച്ചാല്‍ മാപ്പ് പറയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വെണ്ണക്കരയിലെ ബൂത്തില്‍ വോട്ടര്‍മാരുടെ വലിയ നിരയാണെന്നും ഇത് സംബന്ധിച്ച് ചിലര്‍ പരാതി ലഭിച്ചതായും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാനാണ് താന്‍ ബൂത്തിലെത്തിയത്. തന്റെ കൈവശം കാന്‍ഡിഡേറ്റ് പാസ് ഉണ്ട്. പോളിങ് സ്‌റ്റേഷനില്‍ പോകാന്‍ അധികാരം നല്‍കുന്നതാണ് ആ പാസ്. അകത്തു കയറി ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ വരികയും തന്നോട് പുറത്തുപോകാന്‍ പറയുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വന്നപ്പോള്‍ പ്രവര്‍ത്തകര്‍ തടഞ്ഞില്ലെന്നും താന്‍ വന്നപ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്ക് പരാജയ ഭീതിയാണ്. യുഡിഎഫിന് വലിയ രീതിയില്‍ വോട്ടുള്ള പ്രദേശമാണ് വെണ്ണക്കരയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്തില്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. അതുകൊണ്ടാണ് രാഹുലിനെ തടഞ്ഞതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ് രാഹുല്‍ അവിടെത്തന്നെ തമ്പടിച്ചു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായി. ഈ സമയം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും രണ്ട് കൂട്ടരേയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ രണ്ട് കൂട്ടരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥലത്ത് നിന്ന് പോകുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വോട്ടഭ്യർത്ഥിച്ചുവെന്ന ആരോപണവുമായി സിപിഐഎം പ്രവർത്തകരും രംഗത്തെത്തി.