പുസ്തകത്തിൽ എഴുതിവെച്ച കുറിപ്പ് കണ്ടെത്തി; അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്. ‘ഐ ക്വിറ്റ്’ എന്ന് അമ്മു ഒരു പുസ്തകത്തിൽ എഴുതിവെച്ച കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഈ കുറിപ്പ് ആത്മഹത്യാകുറിപ്പാകാം എന്നാണ് പൊലീസ് നിഗമനം. നിലവിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതും ആത്മഹത്യ എന്ന നിഗമനത്തിൽ തന്നെയാണ്. എന്നാൽ അതിലേക്ക് നയിച്ച കാരണം എന്തെന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. നിലവിൽ കൂടുതൽ പേരിൽനിന്നും മൊഴിയെടുക്കുകയാണ്.
അതേസമയം, അമ്മുവിൻറെ ദുരൂഹമരണത്തിൽ കെഎസ്യു പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്ക് കെഎസ്യു നടത്തിയ മാർച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി. അമ്മുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെഎസ്യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കലോത്സവം, പരീക്ഷകൾ എന്നിവയെ ഒഴിവാക്കിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സമരങ്ങളും സംഘടന നടത്തും.
ചുട്ടിപ്പാറ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില് നിന്ന് ചാടിയെന്നായിരുന്നു വീട്ടില് അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളിൽ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരൻ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയിൽ സഹപാഠികൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.