Latest News

ഭരണഘടനാ പരാമർശം; മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം

 ഭരണഘടനാ പരാമർശം; മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം

തിരുവനന്തപുരം: ഭരണഘടനാ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടും. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം തള്ളിയായിരുന്നു നടപടി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികൾ പരിഗണിക്കാതെയെന്ന വാദത്തിൽ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിന്റെ വിവാദ ഭാഗം.

എന്നാൽ ഭരണഘടനാ പരാമർശത്തിലെ പ്രതികൂല വിധിയിൽ പ്രതികരിച്ച മന്ത്രി കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോടതി വിധിയിൽ താൻ രാജി വെക്കില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. വീണ്ടും ഒരന്വേഷണം നേരിടേണ്ടിവരുന്ന സന്ദർഭത്തിൽ സജി ചെറിയാൻ വീണ്ടും മന്ത്രിസ്ഥാനം രാജിവെക്കുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസം ഉയർന്ന ചോദ്യം. ഇതിനിടെയാണ് സജി ചെറിയാൻ രാജി വെക്കേണ്ടെന്ന തീരുമാനത്തിൽ സിപിഐഎം എത്തിച്ചേർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes