പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ കേസെടുത്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ കേസെടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതായി കാണിച്ച് യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു.
മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കുകളോടെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് ഇന്ന് രാവിലെ യുവതി പരാതി നല്‍കി. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്നു പറഞ്ഞ് രാഹുല്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനമേറ്റ യുവതിയെ രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ തന്നെയായിരുന്നു യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.
പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാഹുലിന്റെയും യുവതിയുടേയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കുമെന്ന് അറിയിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.