Latest News

ഭാര്യ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിന് ഏഴര വർഷം തടവ്

 ഭാര്യ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിന് ഏഴര വർഷം തടവ്

തൃശൂർ: ഏങ്ങണ്ടിയൂരില്‍ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഭർത്താവിന് ഏഴര വർഷം കഠിന തടവ്. 15,000 രൂപ പിഴയും അടക്കണം. ഏങ്ങണ്ടിയൂർ ചന്തപ്പടിയില്‍ പൊറ്റയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ(55) യാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ഭാര്യ തളിക്കുളം ത്രിവേണിയില്‍ കുട്ടംപറമ്പത്ത് അപ്പുവിന്‍റെ മകള്‍ ഷീജയാണ് (50) മരിച്ചത്.

2019 സെപ്റ്റംബർ 12 തിരുവോണനാളില്‍ രാത്രി 9നായിരുന്നു സംഭവം. ഷീജ സ്വന്തം വീട്ടില്‍ വെച്ച്‌ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. 30 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. വിവാഹ സമയം പ്രതിക്ക് നല്‍കിയ 20 പവൻ സ്വർണാഭരണവും 10,000 രൂപയും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച്‌ തീർത്ത് കൂടുതല്‍ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി മർദിക്കുമായിരുന്നു.

ഇയാള്‍ ജോലിക്കൊന്നും പോകാതെ ഷീജ ജോലിക്ക് പോയി ലഭിച്ചിരുന്ന പണം കൊണ്ട് മദ്യപിച്ച്‌ സ്ഥിരമായി വഴക്ക് കൂടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മർദനം സഹിക്കാനാകാതെ ഷീജയും മകനും ഷീജയുടെ അമ്മയുടെ പേരിലുള്ള വീട്ടിലേക്ക് താമസം മാറി. പിന്നീട് പ്രതിയും അവിടെ താമസമാക്കി. മദ്യപിച്ച്‌ ഷീജയുടെ അമ്മയെയും ഷീജയെയും ഉപദ്രവിക്കുന്നത് പതിവാക്കി. പലതവണ ഷീജ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞെങ്കിലും, ഭർത്താവിനെതിരെ കേസെടുക്കാൻ പറഞ്ഞിരുന്നില്ല.

സംഭവ ദിവസം തിരുവോണനാളില്‍ രാവിലെ മുതല്‍ പ്രതി മദ്യപിച്ചെത്തി ഉപദ്രവമായിരുന്നു. ഇതിനിടയിലാണ് ഷീജ സ്വയം തീകൊളുത്തിയത്. തൃശൂർ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 2019 സെപ്റ്റംബർ 19ന് ഷീജ മരിച്ചു. സംഭവസമയം ഏക മകൻ ജോലി സംബന്ധമായി എറണാകുളത്തായിരുന്നു.

ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് സ്വയം തീകൊളുത്തിയതെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഷീജ മൊഴി നല്‍കിയിരുന്നു. പിഴ ഷീജയുടെ ആശ്രിതർക്ക് നല്‍കാനാണ് കോടതി നിർദേശം. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ആർ രജിത് കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes