Latest News

സ്ത്രീകളെ ആക്രമിച്ച് സ്വർണം തട്ടുന്നയാൾ പിടിയിൽ

 സ്ത്രീകളെ ആക്രമിച്ച് സ്വർണം തട്ടുന്നയാൾ പിടിയിൽ

ഗുരുവായൂർ: ദർശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവർച്ച പതിവാക്കിയയാള്‍ പിടിയില്‍. രണ്ടുമാസത്തിലേറെയായി പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന പ്രതി താനൂർ സ്വദേശി മൂർക്കാടൻ പ്രദീപിനെ(45)യാണു ഗുരുവായൂർ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോള്‍ താമസം.

ഗുരുവായൂരില്‍ മാത്രം വിവിധയിടങ്ങളില്‍നിന്ന് 15 പവനിലേറെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 10 പവനോളം സ്വർണം കണ്ടെത്തി. മോഷ്ടിച്ചവ വില്‍ക്കാൻ സഹായിച്ച ബേപ്പൂർ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ 17 മോഷണക്കേസുകളില്‍ പ്രതിയായ പ്രദീപ് ഏഴുമാസംമുമ്പാണ് ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. കഴിഞ്ഞയാഴ്ച ഗുരുവായൂർ തെക്കേനടയില്‍ ഒരു സ്ത്രീയുടെ അഞ്ചുപവന്റെ താലിമാല കവർന്നു. അതേ ദിവസംതന്നെ പരിസരത്തെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ചു. സിസിടിവിയിലെ ദൃശ്യങ്ങള്‍വെച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

സെപ്റ്റംബർ 13-ന് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓച്ചിറ സ്വദേശിയുടെ രണ്ടരപ്പവൻ മാല, കൊല്ലം സ്വദേശിയുടെ ലോക്കറ്റുള്‍പ്പെടെ ഒന്നേമുക്കാല്‍ പവൻ മാല, അന്നുതന്നെ തിരുവെങ്കിടത്ത് ഒരു സ്ത്രീയുടെ രണ്ടുപവൻ മാല എന്നിവ കവർന്ന കേസിലെ പ്രതിയും ഇയാള്‍ത്തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നവംബർ രണ്ടിന് ടെമ്പിള്‍ സ്റ്റേഷൻ റോഡിലുള്ള സന്തോഷ്കുമാറിന്റെ വീട്ടിലെ മോട്ടോർ സൈക്കിള്‍ മോഷ്ടിച്ചു. ഗുരുവായൂർ പ്രദേശത്തുതന്നെ വീടുകളുടെ ഓടുകള്‍ പൊളിച്ച്‌ നടത്തിയ മോഷണശ്രമങ്ങളും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

കോഴിക്കോട്, ഫാറൂഖ്, കസബ, താനൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഗുരുവായൂർ കേന്ദ്രീകരിച്ചായിരുന്നു മോഷണം. മോഷ്ടിച്ച സ്വർണവുമായി രാമനാട്ടുകരയിലുള്ള വീട്ടിലേക്ക് പോകും. കഴിഞ്ഞ ദിവസം ഗുരുവായൂർ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ ഒത്തുനോക്കിയപ്പോള്‍ ഗുരുവായൂരിലെ മോഷണക്കേസുകളിലെ പ്രതിയാണെന്ന് ഉറപ്പാക്കാനായി. ഗുരുവായൂർ എ.സി.പി. കെ.എം. ബിജു, സി.ഐ. ജി. അജയ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനിലും മോഷണം നടന്ന സമീപപ്രദേശങ്ങളിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes