കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയിൽവേ ക്വാർട്ടേഴ്സിന് സമീപം ചത്തനിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കടിയേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
സ്ത്രീകളും വയോധികരും ഉൾപ്പെടെ 15 പേരെയാണ് തെരുവുനായ കടിച്ചത്. കടിയേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് സ്ഥലം, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണ് യാത്രക്കാർക്ക് കടിയേറ്റത്. പിന്നീട് തെരുവുനായകൾ തമ്മിലുള്ള കടികൂടലിനിടെ നായ ചത്തു.