മെഗാലേലത്തിൽ ടീം മാറ്റം ഉണ്ടായതിന് പിന്നാലെ വികാരഭരിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിൽ ടീം മാറ്റം ഉണ്ടായതിന് പിന്നാലെ വികാരഭരിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാർ. ഒരു പതിറ്റാണ്ടിലധികമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന ഭുവനേശ്വർ ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലാണ്. പിന്നാലെയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ തന്റെ പ്രതികരണം അറിയിച്ചത്.
11 വർഷത്തെ മനോഹര യാത്രയ്ക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിനോട് വിട പറയുന്നു. മറക്കാനാവാത്തതും ഓർമയിൽ ലാളിക്കാനും കഴിയുന്ന അനവധി നിമിഷങ്ങൾ സൺറൈസേഴ്സിലുണ്ട്. ഒരിക്കലും നഷ്ടപ്പെടരുതെന്ന് കരുതിയത് സൺറൈസേഴ്സ് ആരാധകരുടെ സ്നേഹമാണ്. നിങ്ങളുടെ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. തീർച്ചയായും നിങ്ങളുടെ സ്നേഹവും പിന്തുണയും എക്കാലവും ഓർമയിലുണ്ടാകും. ഭുവനേശ്വർ കുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2014ലെ ഐപിഎല്ലിലാണ് ഭുവനേശ്വർ സൺറൈസേഴ്സ് ടീമിന്റെ ഭാഗമായത്. 2016ൽ സൺറൈസേഴ്സ് ഐപിഎൽ ചാംപ്യന്മാർ ആയപ്പോഴും 2017ലും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ് ഭുവനേശ്വർ സ്വന്തമാക്കിയിരുന്നു. മെഗാലേലത്തിൽ സൺറൈസേഴ്സിന്റെ പക്കൽ പണം കുറവായിരുന്നുവെന്നത് ഭുവനേശ്വറിനെ വീണ്ടും സ്വന്തമാക്കുന്നതിന് തിരിച്ചടിയായി.