ശാസ്ത്രജ്ഞനെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടിയ കോഴിക്കോട്ടുകാർ അറസ്റ്റിൽ
![ശാസ്ത്രജ്ഞനെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടിയ കോഴിക്കോട്ടുകാർ അറസ്റ്റിൽ](https://keralapoliticsonline.com/wp-content/uploads/2024/11/cyber-crime.jpeg)
മുംബൈ: ഗോരെഗാവില്‍ 54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റില്‍ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവർന്ന കേസില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരെ മുംബൈ സൈബർ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശികളായ പി.എസ്. അൻവർഷാദ് (44), കെ.കെ. അമിർഷാദ് (28), സി. മൊഹ്സിൻ (53) എന്നിവരാണ് പിടിയിലായത്. ദുബായിലുള്ള ഷഹദ് എന്നയാളെ പോലീസ് തിരയുന്നു.
വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശാസ്ത്രജ്ഞനില്‍നിന്ന് അപഹരിച്ച പണം അൻവർഷാദിന്റേയും അമിർഷാദിന്റേയും പേരിലുള്ള ട്രാവല്‍ ആൻഡ് ടൂർസ് കമ്പനിയുടെ അക്കൗണ്ടിലെത്തുകയും പിന്നീട് ക്രിപ്റ്റോ കറൻസിയാക്കി മാറ്റുകയും ആയിരുന്നു.
ഓഗസ്റ്റ് 31-നാണ് തട്ടിപ്പുകാരില്‍നിന്ന് ഫോണ്‍ വന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ പരാതിക്കാരന്റെ പേരിലുള്ള പാഴ്സല്‍ കസ്റ്റംസ് തടഞ്ഞുവെച്ചതായിട്ടും ഇതില്‍ ലഹരി വസ്തുക്കള്‍ ഉണ്ടെന്നുമായിരുന്നു വിളിച്ചയാള്‍ അറിയിച്ചത്. താൻ പാഴ്സലൊന്നും ഓർഡർ ചെയ്തിട്ടില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. എന്നാല്‍, പരാതിക്കാരന്റെ കെ.വൈ.സി. വിവരങ്ങളാണ് ഓർഡറിന് ഉപയോഗിച്ചിട്ടുള്ളതെന്ന് വിളിച്ചയാള്‍ പറഞ്ഞു. തുടർന്ന് ഡല്‍ഹി സൈബർ പോലീസില്‍ നിന്നെന്ന് പറഞ്ഞും ഒരാളുടെ വീഡിയോകോളും വന്നു. കോളർ ഐ.ഡിയില്‍ ഡല്‍ഹി പോലീസിന്റെ ലോഗോയും യൂണിഫോമും പ്രദർശിപ്പിച്ചിരുന്നു. കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും ഇയാള്‍ അറിയിച്ചു.
കുറച്ച് വ്യാജരേഖകളും അയച്ചു കൊടുത്തു. കള്ളപ്പണമിടപാടിനും മയക്കുമരുന്ന് കടത്തിനും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ബാങ്കിങ് ഇടപാടുകള്‍ പരിശോധിക്കാൻ അക്കൗണ്ട് നമ്പർ ആവശ്യപ്പെടുകയും നിക്ഷേപങ്ങള്‍ ഇതിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയുംചെയ്തു. പണം നഷ്ടമായതിനുശേഷമാണ് തട്ടിപ്പാണെന്ന് പരാതിക്കാരൻ മനസിലാക്കിയത്. തുടർന്ന് സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു.