ട്രിപ്പ് റദ്ദാക്കിയ വിവരം യാത്രക്കാരനെ അറിയിച്ചില്ല, കെഎസ്ആർടിസി 20000 രൂപ നഷ്ടപരിഹാരം നൽകണം
ബസിന്റെ ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെഎസ്ആർടിസിക്ക് പിഴ. സംഭവത്തില്‍ പരാതി നല്കിയ യുവാവിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്.
വെളിമുക്ക് പാലക്കല്‍ സ്വദേശി അഭിനവ് ദാസാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് രാവിലെ പത്തിന് മൂവാറ്റുപുഴയിലേക്ക് പോകാൻ അഭിനവ് ദാസ് ലോഫ്ലോർ ബസില്‍ 358 രൂപ നല്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരൻ ഉച്ചക്ക് ഒരു മണി വരെ കാത്തിരുന്നെങ്കിലും ബസ് വന്നില്ല. ലഭ്യമായ നമ്പറിലെല്ലാം വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടിയും കിട്ടിയില്ല.
കാഴ്ചാപരിമിതിയുള്ള യാത്രക്കാരൻ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാൻ ഇടവന്നതിനെ തുടർന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നും ബുക്ക് ചെയ്തവരെ വിവരം അറിയിക്കാൻ ഉത്തരവാദപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്നും കെഎസ്ആർടിസി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു. ടിക്കറ്റ് തിരിച്ചുനല്‍കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ബോധപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും കെഎസ്ആർടിസി വാദിച്ചു.
എന്നാല്‍ ഷെഡ്യൂള്‍ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ കമ്മീഷൻ മുമ്പാകെ പരാതി നല്‍കും വരെ ടിക്കറ്റ് തുക തിരിച്ചുനല്‍കുകയോ കെഎസ്ആർടിസി ചെയ്തില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പരാതിക്കാരന് നഷ്ടപരിഹാരമായി 15000 രൂപയും കോടതി ചെലവായി 5000 രൂപയും നല്കാൻ കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്ത പക്ഷം നഷ്ടപരിഹാര തുകക്ക് 12 ശതമാനം പലിശയും നല്‍കണമെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.