Latest News

അവസാനയാത്രയിലും ഒരുമിച്ച്, അഞ്ചു പേർക്കും കണ്ണീരോടെ വിടചൊല്ലി കൂട്ടുകാർ

 അവസാനയാത്രയിലും ഒരുമിച്ച്, അഞ്ചു പേർക്കും കണ്ണീരോടെ വിടചൊല്ലി കൂട്ടുകാർ

ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്ര നല്‍കി സഹപാഠികളും അധ്യാപകരും നാട്ടുകാരും.

രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനം. ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറ് കണക്കിനാളുകളാണ് പ്രിയപ്പെട്ട വിദ്യാര്‍ഥികളെ അവസാനമായി ഒരുനോക്കുകാണാനായി എത്തിയത്.

അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ നിയന്ത്രിക്കാനാവാതെ മന്ത്രി വീണാ ജോര്‍ജ് വിതുമ്പി. ഒന്നരമാസം മുന്‍പാണ് വിദ്യാര്‍ഥികളായ ദേവനന്ദന്‍, ശ്രീദേവ് വല്‍സന്‍, ആയുഷ് ഷാജി, പിപി മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പഠിക്കാനായി എത്തിയത്. ഇതിനിടെ തന്നെ കോളജിലെ മറ്റ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം പ്രിയപ്പെട്ടവരായി ഇവര്‍ മാറിയിരുന്നു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. അവസാനമായി മക്കളെ ഒരുനോക്ക് കാണാനെത്തിയ മാതാപിതാക്കളുടെ വേദന എല്ലാവരുടെ കരളലയിപ്പിക്കുന്നതായിരുന്നു.

പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ അവരവരുടെ വീടുകള്‍ എത്തിക്കും. പാലാ മറ്റക്കരയിലെ വീട്ടിലായിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സംസ്‌കാരം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും.

ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെഎസ്‌ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. വാഹനത്തില്‍ പതിനൊന്ന് പേരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes