ശിശു ക്ഷേമസമിതിയില്‍ കുഞ്ഞിന് നേരെയുണ്ടായ പീഡനത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ശിശു ക്ഷേമസമിതിയില്‍ കുഞ്ഞിന് നേരെയുണ്ടായ പീഡനത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റം വിലയിരുത്തുമെന്നും ശിശുക്ഷേമ സമിതിയിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍ മാനദണ്ഡമാക്കും. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തിയായിരിക്കും നിയമനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടിയുടെ ജനനേന്ദ്രീയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാണിച്ചത് കണ്ണില്ലാത്ത ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വെച്ചു എന്നത് അതീവ ഗൗരവതരമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയമാരെ സസ്പെന്‍ഡ് ചെയ്തതിലൂടെ എല്ലാം അവസാനിച്ചുവെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്ടര വയസ് പ്രായമുള്ള കുട്ടിയോടുള്ള കൊടും ക്രൂരത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചത്. സംഭവത്തില്‍ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്. താത്ക്കാലിക ജീവനക്കാരാണ് മൂവരും.