Latest News

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം; പ്രോബ-3 വിജയകരമായി വിക്ഷേപിച്ചു

 കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം; പ്രോബ-3 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യൻറെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുൽറ്റർ) ഇസ്രൊയുടെ പിഎസ്എൽവി-സി59 റോക്കറ്റ് വിക്ഷേപിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് 4.04ന് ഇരു കൃത്രിമ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എൽവി-സി59 കുതിച്ചുയർന്നു. വിക്ഷേപണത്തിൻറെ നാല് ഘട്ടങ്ങളും വിജയമാക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്കായി. ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തി.

പ്രോബ-3 ഇന്നലെ വിക്ഷേപിക്കാനായിരുന്നു ഐഎസ്ആർഒയും ഇഎസ്എയും ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ദൗത്യത്തിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളിലൊന്നിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്ന അവസാന മണിക്കൂറിൽ വിക്ഷേപണം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും മാത്രം ബാക്കിനിൽക്കെയാണ് വിക്ഷേപണം നീട്ടുന്നതായി യൂറോപ്യൻ സ്പേസ് ഏജൻസി അറിയിച്ചത്.

ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എൻഎസ്ഐഎൽ) യൂറോപ്യൻ സ്പേസ് ഏജൻസിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യൻറെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes