പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ രാഷ്ട്രീയ ക്രിമിനലുകള്‍ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്; ജി സുധാകരന്‍
 
			
    കൊച്ചി: പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ രാഷ്ട്രീയ ക്രിമിനലുകള്‍ ആഴത്തില്‍ വേരോടിയ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. അത് രാഷ്ട്രീയരംഗം നേരിടുന്ന ഗുരുതര പ്രശ്‌നമാണെന്നും ഇത്തരം പുഴുക്കുത്തുകള്‍ സിപിഐഎം അടക്കം എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് അകത്തുണ്ടാകുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സ്വയം വിമര്‍ശനങ്ങളുമെല്ലാം സംഘടനാ റിപ്പോര്‍ട്ടുകളില്‍ ഉള്ളതാണ്. അവയില്‍ ഉള്ളതിന്റെ നാലിലൊന്ന് പോലും ഞങ്ങള്‍ ആരും പറയുന്നില്ല. പാര്‍ട്ടി രേഖകളില്‍ ഉള്ളതു പറയുമ്പോഴാണ് ജി സുധാകരന്‍ പാര്‍ട്ടിക്കെതിരെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെ സി വേണുഗോപാല്‍ എന്നാണ് ജി സുധാകരന്റെ പ്രതികരണം.
ഒരു പുസ്തകം തരാനായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുന്‍പ് വന്നുകണ്ടിരുന്നു. അതാണ് ഇപ്പോള്‍ കണ്ടതായി പ്രചരിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോ ഇതെന്ന് ആലോചിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.


 
														 
														 
														 
														 
														