കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല; നടന് സുധീര്‍ കരമന
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറച്ചില്‍ വേദനിപ്പിച്ചെന്ന് നടന് സുധീര്‍ കരമന. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല. നടി ആരാണെന്ന് അറിയില്ലെന്നും സുധീര്‍ കരമന പ്രതികരിച്ചു. കഴിഞ്ഞ ദിവസം വി ശിവന്‍കുട്ടി തുറന്നുപറിച്ചില്‍ നടത്തിയ വേദിയില്‍ സുധീർ കരമനയും ഉണ്ടായിരുന്നു.
‘ഞാനും കലോത്സവ വേദിയില്‍ നിന്നാണ് അഭിനയത്തില്‍ സജീവമാകുന്നത്. വേദിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രസ്താവന കേള്‍ക്കുന്നത്. വേദന തോന്നി. സാധാരണഗതിയില്‍ ആരും പണം ചോദിക്കാറില്ല. ഒട്ടും ശരിയായ രീതിയല്ല. കുട്ടികളുടെ കാര്യമല്ലേ. സര്‍ക്കാരിന് കലോത്സവത്തിലൂടെ പ്രത്യേകിച്ച് വരുമാനം ഒന്നുമല്ലല്ലോ. നടി ആരാണെന്ന് അറിയില്ല. എഎംഎംഎ അംഗമാണോയെന്ന് പോലും വ്യക്തമല്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല’, എന്നാണ് നടന് പ്രതികരിച്ചത്.
സ്കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.
‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു’വെന്നും ശിവന്‍കുട്ടി പറഞ്ഞു.
‘സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്’ എന്നും വി ശിവന്‍കുട്ടി പറഞ്ഞു.