ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എതിർക്കാൻ തീരുമാനിച്ച് സിപിഐഎം
ന്യൂഡൽഹി: ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എതിർക്കാൻ തീരുമാനിച്ച് സിപിഐഎം. ഇത് സംബന്ധിച്ചുള്ള കേസുകളിൽ കക്ഷി ചേരാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നല്കി. ഇന്ത്യയുടെ മതേതതരത്വത്തെ സംരക്ഷിക്കുന്നതാണ് ആരാധനാലയ സംരക്ഷണ നിയമമെന്ന നിലപാട് കൈക്കൊണ്ടാണ് സിപിഐഎം ഹർജി നൽകിയത്.
ഡിസംബർ 12നാണ് ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കുക. ഇതിനായി പ്രത്യേക ബെഞ്ചിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രുപം നൽകിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
2020ൽ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് നിയമം സംബന്ധിച്ച് ആദ്യം ഹർജി നൽകിയത്. ശേഷം കൂടുതൽ ഹർജികൾ കോടതി മുൻപാകെ സമർപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ തൽസ്ഥിതി തുടരണം എന്ന വ്യവസ്ഥ അടക്കമുള്ളവയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. സംഭൽ, അജ്മീർ ദർഗ എന്നതടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വിഷയത്തിലെ കോടതി തീരുമാനങ്ങൾ ഏറെ നിർണായകമാകും.