ഗുരുവായൂർ ഏകാദശിക്ക് വൻഭക്തജന തിരക്ക്; തുടർച്ചയായി 54 മണിക്കൂർ ദർശനം
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിക്ക് ഭക്തസഹസ്രങ്ങളാണ് ക്ഷേത്രനഗരിയിലേക്കൊഴുകുന്നത്. ദർശനത്തിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തർ എത്തുന്നുണ്ട്. ദശമി ദിനമായ ചൊവ്വാഴ്ച തുറന്ന നട ദ്വാദശി നാളിൽ രാവിലെ ഒമ്പതിനേ അടയ്ക്കൂ. തുടർച്ചയായി 54 മണിക്കൂറാണു ദർശനം.
ഹൈക്കോടതിയുടെ നിയന്ത്രണമുള്ളതിനാൽ ഒരു ആന മാത്രമാണ് ഇത്തവണ എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്. ഏകാദശി വ്രതമെടുക്കുന്നവരുൾപ്പെടെ ഭക്തർക്ക് പ്രസാദമൂട്ടുണ്ടാകും.
ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് വിശ്വാസം. ഈ ഭജനം ഹരിവാസര സമയത്താണെങ്കിൽ അത്യുത്തമം.
ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ ഏറെ പ്രസന്നനായി ഇരിക്കുന്ന സമയമാണെന്നാണു വിശ്വാസം. ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം. ഹരിവാസരസമയം മുഴുവൻ അഖണ്ഡനാമജപം (നിശ്ചിത സമയത്ത് മുടങ്ങാതെ നടത്തുന്ന ഈശ്വരനാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്.
ഐതിഹ്യപ്രകാരം വൈകുണ്ഠനാഥനാൽ തന്നെ നിർമ്മിയ്ക്കപ്പെട്ടതും, ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ തന്നെയും പൂജയേറ്റുവാങ്ങിയതുമായ പാതാളാഞ്ജനനിർമ്മിതമായ വിഷ്ണുവിഗ്രഹം, ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിനാളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ, ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നു. കേരളത്തിൽ സ്വന്തമായി ഏകാദശി ആഘോഷങ്ങളുള്ള അപൂർവ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം.
ഹൈന്ദവ വിശ്വാസമനുസരിച്ച് വൃശ്ചിക ഏകാദശി ദിവസം മഹാവിഷ്ണുവിനോട് പ്രാർഥിച്ചാൽ വളരെയധികം ഫലങ്ങൾ ലഭിക്കുമെന്നാണ്. ഇതേ ദിവസം തന്നെ സർവ്വ ദേവിദേവന്മാരും വിഷ്ണുവിനെ ദർശിക്കാൻ എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യമായ കാര്യം കൂടിയാണ്. ശ്രേഷ്ഠ വ്രതങ്ങളിലൊന്നായാണ് ഗുരുവായൂർ ഏകാദശി വ്രതത്തെ വിശ്വാസികൾ കരുതുന്നത്. ആഹാരമൊന്നും കഴിക്കാതെയാണ് വിശ്വാസികൾ സാധാരണമായി ഏകാദശി വ്രതമെടുക്കുന്നത്. ശാരീരിക അസ്വസ്ഥതകളുള്ളവർ അരിയാഹാരം മാത്രം ഒഴിവാക്കിയും വ്രതമെടുക്കുന്നു. ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഈ ലോകത്തിൽ മാത്രമല്ല, മരണാനന്തര ലോകത്തിലും ഇതിന്റെ ഫലങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാമ്പത്തിക നേട്ടം, ഐശ്വര്യം, മനശ്ശാന്തി, രോഗശാന്തി തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുമത്രെ. വിഷ്ണു പ്രീതിക്കും കുടുംബത്തിൻറെ ഐശ്വര്യത്തിനായും വിശ്വാസികൾ ഏകാദശി വ്രതം അനുഷ്ഠിക്കുന്നു.